ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനെയും പ്രതിചേര്‍ത്ത് ഡൽഹി പൊലീസ്. പൊലീസിനു നേരെ വാള് വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.റാലിയില്‍ പങ്കെടുത്ത 215പേര്‍ക്കും 110 പൊലീസുകാര്‍ക്കും പരുക്കേറ്റു. അതേസമയം, ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പഞ്ചാബിലെ തരന് സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയതെന്നാണ് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍.എന്നാല്‍, ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ലെന്നും സംഘടനകൾ പറഞ്ഞു.
ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകളുടെ ആരോപണം. കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച് ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘർഷത്തിൽ സംഘടനകൾക്ക് പങ്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണവും ചില കർഷക നേതാക്കൾ ഉയർത്തുന്നു. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാൻ മോർച്ച ഇന്നലെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ സംഘടനകൾ ഇന്ന് യോഗം ചേരും.
അനിഷ്ട സംഭവങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം കർഷക സംഘടനകൾ ഒറ്റക്കെട്ടായി തുടരും. ഭാവി പരിപാടികൾ നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും. സമരത്തിനിടെ ഇന്നലെ മരിച്ച കർഷകന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. നഗരത്തിൽ അക്രമം നടത്തി, പൊലീസ് വാഹനം തകർത്തു, സ്വകാര്യ വാഹനങ്ങൾക്ക് കെടുപാടുകൾ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.ഇതുവരെ 15 കേസുകളാണ് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സംഘർഷത്തിൽ ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട് .
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix