തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച പൂർണ ദാരിദ്ര്യനിർമ്മാർജനമെന്ന ലക്ഷ്യത്തിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സർക്കാർ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. പ്രളയകാലത്ത് രണ്ടു ലക്ഷം വീടുകളാണ് കുടുംബശ്രീ അംഗങ്ങൾ വൃത്തിയാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 കോടി സംഭാവന ചെയ്തു. നവകേരള ലോട്ടറിയിലൂടെ ഒമ്പത് കോടി രൂപ സമാഹരിച്ചു. ലോക്ക്ഡൗണിൽ സമൂഹ അടുക്കളകൾ ആരംഭിച്ചു. നാലരവർഷത്തിനിടയിൽ 2000 കോടി രൂപ കുടുംബശ്രീക്ക് സർക്കാർ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ, തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ എന്നിവർ പങ്കെടുത്തു.