തൃശ്ശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ചതിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചോദിക്കാനുണ്ട് എന്നും ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് തൃശൂരിൽ രാമനിലയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ നിലവിട്ടുള്ള ക്ഷോഭ പ്രതികരണം. വെല്‍ഫെയര്‍ വിഷയം അടഞ്ഞ അധ്യായമാണ് എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്നായിരുന്നു ചോദ്യം. ‘പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മി, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയിട്ടാണോ? എന്നും മുല്ലപ്പള്ളി ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റു ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നിട്ടില്ലെന്നും എൻ.സി.പിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
