
തൃശ്ശൂർ: വേലൂർ കുടുംബാരോഗ്യകേന്ദ്രത്തിന് തിലകക്കുറിയായി കായ കല്പം അവാർഡ്. ജില്ലയിൽ 12 ആരോഗ്യ കേന്ദ്രങ്ങളിൽ 97.9 സ്കോർ നേടിയാണ് വേലൂർ കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനം നേടിയത്. നഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻസ്റ്റേർഡ് അംഗീകാരത്തിനു പുറമെ ആണ് കായകല്പം അവാർഡും ലഭ്യമായത്.’ ആതുര സേവനപ്രവർത്തനങ്ങളിൽ മികവിന്റെ കേന്ദ്രമാണ് വേലൂർ കുടുംബാരോഗ്യകേന്ദ്രം.
ആധുനിക രീതിയിൽ നവീകരിച്ച ആരോഗ്യ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ മികച്ച സൗകര്യങ്ങൾ തന്നെയാണ് ആതുരാലയത്തെ വേറിട്ടതാക്കുന്നത്. നാഷ്ണൽ ഹെൽത്ത് മിഷൻ, എച്ച് എം സി, വേലൂർ പഞ്ചായത്ത് എന്നിവയുടെ ഫണ്ടും സന്നദ്ധ പ്രവർത്തകരുടെ സഹായവും കോർത്തിണക്കിയാണ് നവീകരണ പ്രവർത്തനങ്ങളുടെ ഏകോപനം. ടിവി, ഫാനുകൾ, വാട്ടർ പ്യൂരിഫയർ, അക്വേറിയം, എൽ.ഇ.ഡി ലൈറ്റുകൾ എന്നീ സംവിധാനങ്ങളോടെയുള്ള വിശാലമായ വിശ്രമ കേന്ദ്രം, ആധുനിക രീതിയിൽ എൽ.സി.ഡി ടോക്കൺ പ്രദർശിപ്പിക്കുന്ന വിധം ഒ.പി കേന്ദ്രവും പരിശോധനയും, ലബോറട്ടറി, 4 പുതിയ ശുചിമുറികൾ, കോൺഫറൻസ് ഹാളിന്റെ നവീകരണം, ഫാർമസി കൂടാതെ കുട്ടികളുടെ പാർക്കും കെട്ടിടത്തിനു ചുറ്റും മനോഹരമായ ഗാർഡനും ഒരുക്കിയിട്ടുണ്ട്. ഇന്റർലോക്ക് കട്ടകൾ വിരിച്ച മുറ്റവും പ്രധാന കവാടവും ആകർഷണമാണ്.
വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളാണ് മറ്റൊരു പ്രത്യേകത. ക്രമീകരിച്ച ദിവസങ്ങളിലായി ഗർഭിണികൾക്കായുള്ള ക്ലിനിക്, ഇമ്മ്യൂണൈസേഷൻ ക്ലിനിക് എന്നിവയും ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കായി ശ്വാസ് ക്ലിനിക് , വിഷാദ രോഗങ്ങളലട്ടുന്നവർക്ക് ആശ്വാസ് ക്ലിനിക്കും കൂടാതെ എല്ലാ ദിവസവും ഷുഗർ പ്രഷർ രോഗികൾക്കുള്ള പരിശോധനയും നടന്നു വരുന്നുണ്ട്. ഇവ കൂടാതെ ശിശു സൗഹാർദ കുത്തിവയ്പ് മുറിയും 108 ആംബുലൻസിന്റെ സേവനവും എല്ലാ ദിവസവുമുള്ള ലാബ് സൗകര്യം, എച്ച് ഐ വി നിർണയ സൗകര്യം, മുലയൂട്ടൽ മുറി തുടങ്ങിയവയൊക്കെ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കിയതിന് സഹായകരമായി.
ജില്ലയിലെ ആദ്യത്തെ പൂർണ ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയ കുടുംബാരോഗ്യ കേന്ദ്രമെന്ന ബഹുമതിയും ഈ ആതുരാലയത്തിനു മാത്രം സ്വന്തമാണ്. 1961 ൽ അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന വി കെ വേലപ്പനാണ് വെറും ഡിസ്പെൻസറി മാത്രമായി തുടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തത്. പിന്നീട് 1984 ൽ പ്രൈമറി ഹെൽത്ത് സെന്ററായി ഉയർത്തി. വർഷങ്ങൾക്കിപ്പുറം കാഴ്ചയിലും പ്രവർത്തന മികവിലും ഉന്നതിയിലെത്തി നിൽക്കുന്ന രീതിയിലെക്ക് മാറിക്കഴിഞ്ഞു.
4 മെഡിക്കൽ ഓഫിസർ , 4 സ്റ്റാഫ് നഴ്സ്, 3 ഫാർമസിസ്റ്റ്, 1 ഹെൽത്ത് ഇൻസ്പെക്ടർ, 2 ജെ.എച്ച്.ഐ, 5 ജെ.പി.എച്ച്.എൻ, ഓഫിസ് അസിസ്റ്റന്റ് – ക്ലർക്ക് എന്നിവർ ഓരോ വീതം എന്നിങ്ങനെയാണ് ജീവനക്കാരുടെ നിര. കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ വേലൂർ, കുറുമാൽ, തയ്യൂർ, വെള്ളാറ്റഞ്ഞൂർ, കിരാലൂർ തുടങ്ങി 6 സബ് സെന്ററുകളും പ്രവർത്തിച്ചു വരുന്നുണ്ട്. കോവിഡ് 19 പ്രതിരോധം തീർക്കുന്നതിലും മികവുറ്റ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്ര പരിധിയിലെ 7436 വീടുകളിലായി 29840 പേർ മികച്ച സേവനം ലഭിക്കുന്ന ആതുരാലയത്തിന്റെ ഗുണഭോക്താക്കളാണന്ന് മെഡിക്കൽ ഓഫീസർ ഡോ വി എ വിനീത് പറഞ്ഞു
‘ദി വോക്സ് ജേർണൽ’ ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Follow ‘The Vox Journal’ FB http://bit.ly/2W800BH
Join Whatsapp http://bit.ly/3mh7Cw2
YouTube www.youtube.com/thevoxj