ലണ്ടന്: അതിതീവ്ര വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം 8 മണിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രി, ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനം തടയുന്നതിൽ ഗവേർണമെന്റ് നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് വീഴ്ച സംഭവിച്ചു എന്നതിനാലാണ് നടപടിയെന്ന് വിശദീകരിച്ചു.
ഫെബ്രുവരി പകുതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൈമറി,സെക്കൻഡറി സ്കൂളുകൾ അടിയന്തരമായി അടച്ചിടുകയും ഓൺലൈനായി പഠനം തുടരുകയും ചെയ്യണമെന്നും, വീടുകളിൽ നിന്നും ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം ആളുകൾ പുറത്തിറങ്ങാവു എന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദ്ദേശം നൽകി.അനാരോഗ്യമുള്ളവരും ചികിത്സയിൽ കഴിയുന്നവരും വീടുകളിൽ കഴിയുകയും, ആശുപത്രിയിൽ അടിയന്തരമായി എത്താൻ നിർദേശിക്കപ്പെട്ടവർ മാത്രം പുരത്തിറങ്ങാവു എന്നും ഗവണ്മെന്റിന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്.

“കോവിഡ് വ്യാപനം തടയുന്നതിൽ എത്രയും വേഗം സാധ്യമായ എല്ലാ നടപടികളും എടുക്കേണ്ടതാണെന്നു ഞങ്ങൾ മനസിലാക്കുന്നു.വൈറസിന്റെ പുതിയ വകഭേദം അത്രയധികം വേഗത്തിലാണ് ജീവനുകളെ കവർന്നെടുക്കുന്നത് ” എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു.