കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് പണം നൽകിയത് തെറ്റെന്ന് ഹൈക്കോടതി.ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്നും
പത്ത് കോടി രൂപ ഉടനടി തിരിച്ചു നൽകണമെന്നും ഹൈക്കോടതി.
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് പണം നൽകിയത് തെറ്റെന്ന് ഹൈക്കോടതി. 10 കോടി രൂപയായിരുന്നു ദേവസ്വംബോർഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നത്. ദേവസ്വം ആക്ടിലെ 27ആം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങൾക്കായി പണം ചെലവഴിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. പണം നൽകിയത് വകുപ്പുകളുടെ ലംഘനമാണെന്നും നൽകിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നൽകണമെന്നും ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ വിധിച്ചു.
ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വം ബോർഡിന് അവകാശമുള്ളൂ. അത് വേറാർക്കും കൈമാറാൻ അവകാശമില്ല. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്നും ദേവസ്വം നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ആ നിയമത്തിന്റെ പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകൂ എന്നും ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ പറയുന്നു. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്റെ പ്രവർത്തനപരിധിയിലോ, അധികാരപരിധിയിലോ വരില്ല. ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
10 കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.ദേവസ്വം സ്ഥിരനിക്ഷേപത്തിന്റേയും സ്വര്‍ണ നിക്ഷേപത്തിന്റേയും ഒരു മാസത്തെ പലിശ വരുമാനത്തിന്റെ പകുതിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്നായിരുന്നു ചെയർമാൻ വിശദീകരണം നൽകിയിരുന്നത്.
ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി മുൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എ നാഗേഷ് അടക്കമുള്ളവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.ദുരിതാശ്വാസനിധിയിലേക്ക് നൽകിയ തുക തിരിച്ചുപിടിക്കണമെന്നും, അധികാര ദുർവിനിയോഗം കാട്ടിയ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് റിസീവർ ഭരണം ഏപ്പെടുത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.