
തൃശ്ശൂർ: അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്പറ്റ ബാലകൃഷ്ണന് (75) അന്തരിച്ചു. അസുഖം ബാധിച്ച് ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.
1945 ജൂലൈ നാലിന് കൈതള ഉണ്ണി നീലകണ്ഠെന്റയും കെ. കാര്‍ത്യായനിയുടെയും മകനായാണ് ജനിച്ചത്. മേമുറി എല്‍.പി സ്കൂള്‍, കല്ലറ എന്‍.എസ്.എസ് ഹൈസ്കൂള്‍, തരിയോട് ഗവ ഹൈസ്കൂള്‍, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളം എം.എ രണ്ടാം റാങ്കോടെ വിജയിച്ചു.
മലയാള സാഹിത്യത്തിലെ ഗാന്ധിയന്‍ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. എസ്.കെ.എം.ജെ ഹൈസ്കൂള്‍ കല്‍പ്പറ്റ, മാര്‍ അത്തനേഷ്യസ് കോളജ്, തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃതം സര്‍വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

1999ല്‍ കേരളവര്മയില് നിന്നും വകുപ്പ് മേധാവിയായാണ് വിരമിച്ചത്. കൊച്ചി, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, കാലിക്കറ്റ് സര്‍വകലാശാല മലയാള ബിരുദാനന്തര ബോര്‍ഡ്, മലയാളം-ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി, മൈസൂര്‍ സര്‍വകലാശാല മലയാളം ബോര്‍ഡ് എന്നിവയില്‍ അംഗമായിട്ടുണ്ട്.
കലിക്കറ്റ് സര്‍വകലാശാല ബി.എ, എം.എ പരീക്ഷ ബോര്‍ഡ് ചെയര്മാന്, റിസര്‍ച്ച് ൈഗഡ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കേരള കലാമണ്ഡലം സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട്, സൗത്ത് സോണ്‍ കള്‍ച്ചറല്‍ കൗണ്‍സില്‍, കൈരളി പ്രസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് എന്നിവയിലും അംഗമായിട്ടുണ്ട്.
കവിതക്ക് ബാലാമണി അമ്മ സില്‍വര്‍ കപ്പ് (1963), സമഗ്രസാഹിത്യ സംഭാവനക്ക് തൃശൂര്‍ ഏയ്സ് ട്രസ്റ്റ് പ്രഥമ സാഹിത്യ പുരസ്കാരം, അയനം സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.

ദേശീയാംഗീകാരം നേടിയ ‘മലമുകളിലെ ദൈവം’, ‘ശക്തന് തമ്ബുരാന്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. എഫ്.എം കവിതകകള്‍ (കവിതകള്‍), അകല്‍ച്ച, അകംപൊരുള്‍ പുറം പൊരുള്‍, ഗില്‍ഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓര്‍മ്മപുസ്തകം (നോവലുകള്‍), അപ്പോളോയുടെ വീണ, കാലഘട്ടം, ചരിത്ര നോവല്‍ മലയാളത്തില്‍, നിരൂപകെന്റ വിശ്വദര്‍ശനം, ആല്‍ഫ്രഡ് കുബിന്- ഒരു ചന്ദ്രവംശി, ഗാന്ധിയന്‍ സൗന്ദര്യവിചാരം, മലയാള സാഹിത്യ ചരിത്രം (വിമര്‍ശനങ്ങള്‍), മുദ്രാരാക്ഷസം, അതിനുമപ്പുറം (വിവര്‍ത്തനങ്ങള്‍), സമ്ബൂര്‍ണ മഹാഭാരതം, കെ. കരുണാകരെന്റ നിയമസഭാ പ്രസംഗങ്ങള്‍ (എഡിറ്റര്‍) എന്നിവയാണ് രചനകള്‍.

ഭാര്യ: ഡോ. കെ. സരസ്വതി. മക്കള്‍: ജയസൂര്യ, കശ്യപ്, അപര്‍ണ. തൃശൂര്‍ അയ്യന്തോളിലെ മൈത്രി പാര്‍ക്കിലായിരുന്നു താമസം.
Follow ‘The Vox Journal’ FB http://bit.ly/2W800BH
Join Whatsapp http://bit.ly/3mh7Cw2