
ലാത്വിയ: പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചതായി ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 59 വയസ്സായിരുന്നു.
കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ഇദ്ദേഹം ലാത്വിയിൽ എത്തിയത്. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് മരിക്കുകയായിരുന്നുെവന്ന് ഡെൽഫി റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നിരവധി ബഹുമതികൾ നേടിയ കൊറിയൻ ചലച്ചിത്ര സംവിധായകനാണ് കിം കി ഡുക്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിൻെറ ചലച്ചിത്രങ്ങൾ. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളുടെയും ചിത്രീകരണമാണ് കിം കി ഡുകിൻെറ ചലച്ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.
1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതൽ ’93 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി. അതിനുശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിൻെറ തിരക്കഥ ഒന്നാം സമ്മാനം നേടിയത് വഴിത്തിരിവായി. തൊട്ടടുത്ത വർഷം ക്രോക്കോഡിൽ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവിൽ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.
2004ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി. സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും.
സ്പ്രിങ്, സമ്മർ, ഫാൾ, വിൻർ… ആൻ് സ്പ്രിങ് (2003), വൈൽഡ് ആനിമൽസ് (1996) ബ്രിഡ്കേജ് ഇൻ (1998) റിയൽ ഫിക്ഷൻ (2000) ദെ ഐസ്ൽ (2000) അഡ്രസ് അൺനോൺ (2001) ബാഡ് ഗയ് (2001) ദി കോസ്റ്റ് ഗാർഡ് (2002) ദി ബോ (2005) ബ്രീത്ത് (2007) ഡ്രീം (2008) പിയാത്ത (2012) മോബിയസ് (2013) തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.