തിരുവനന്തപുരം/ കണ്ണൂര്‍: പാപ്പിനിശ്ശേരിയിൽ ഖാദി ബോര്‍ഡിന്റെ വിവാദ പദ്ധതിക്ക് 50 കോടി വായ്പ ആവശ്യപ്പെട്ട് കെഎ രതീഷിന്റെ കത്ത്. വായ്പ ലഭ്യമാക്കാൻ സഹകരണ ബാങ്കുകൾക്ക് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് കെഎ രതീഷ് കത്ത് അയച്ചിട്ടുള്ളത്. വിവാദമായ പാപ്പിനിശ്ശേരി ഖാദി പദ്ധതിയുമായി ബന്ധപ്പെട്ടാണ് കത്ത്.
കണ്ണൂർ പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോഡിനോട് ചേർന്നുള്ള സർക്കാരിന്റെ ഒന്നരയേക്കർ കണ്ണായ ഭൂമിയിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ 50 കോടിയുടെ പദ്ധതി. ഖാദി ബോർഡിൽ തീരുമാനിക്കാതെയും പദ്ധതിക്കായി സാങ്കേതിക അനുമതി വാങ്ങാതെയുമാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. സംഭവം വിവാദമായതോടെ ഭരണാനുമതിക്കായി സർക്കുലറിക്കിയും മാസങ്ങൾക്ക് മുമ്പേയുള്ള തീയതിയിട്ട് ഫയലുണ്ടാക്കിയും പദ്ധതി ക്രമപ്പെടുത്താനുള്ള നീക്കം നടക്കുകയും ചെയ്തിരുന്നു. ഡയറക്ടർമാരോടുപോലും കൂടിയാലോചന നടത്താതെയുള്ള പദ്ധതിക്ക് പിന്നിൽ നേരത്തെ കശുവണ്ടി അഴിമതിക്കേസിൽ പ്രതിയായ ബോർഡ് സെക്രട്ടറി കെ എ രതീഷ് ആയിരുന്നു.
ഇപി ജയരാജനാണ് വകുപ്പ് മന്ത്രി. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജിനോട് ഈ വിഷയം ഉന്നയിച്ചപ്പോൾ സെക്രട്ടറി കെഎ രതീഷാണ് പദ്ധതിക്ക് പിന്നിലെന്നായിരുന്നു മറുപടി. വിവാദ പദ്ധതിക്ക് വേണ്ടി അഴിമതി ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സഹായം ആവശ്യപ്പെടുന്നതാകട്ടെ കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനോടുമാണ്. സര്‍ക്കാര്‍ ലെറ്റര്‍പാഡിലാണ് കെഎ രതീഷ് കത്ത് അയച്ചിട്ടുള്ളത്. ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഫണ്ട് ആവശ്യപ്പെട്ട് കത്തയക്കാനാകുന്നത്, അതും വിവാദമായ പദ്ധതിക്ക് വേണ്ടി എന്ന വലിയ ചോദ്യത്തിനാണ് ഇനി ഉത്തരം വേണ്ടത്