നോയിഡ: ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെങ്കിലും ഫലത്തിൽ, ദില്ലി അതിർത്തിയിലേക്ക് കൂടുതൽ കർഷകരെത്തുന്നത് തടയാൻ കൂടി ഇത് കാരണമാവും. ജനുവരി രണ്ട് വരെ നിരോധനാജ്ഞ തുടരും.
അതേസമയം നാളത്തെ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആർ എസ് എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് വ്യക്തമാക്കി. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് സിങ്കു അതിർത്തിയിലെത്തും. ദില്ലിയിലെ മറ്റ് മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടാകും. കർഷകർക്കായി ദില്ലി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തും.
പ്രധാനപാതയിൽ കർഷകർ സമരം തുടരുന്നതിനാൽ മറ്റ് പാതകൾ ഉപയോഗിക്കാൻ ദില്ലി ട്രാഫിക് പൊലീസ് നിർദ്ദേശിച്ചു. സിങ്കു അതിർത്തിയിലും തിക്രി അതിർത്തിയിലുമാണ് കർഷകർ 11 ദിവസത്തിലേറെയായി സമരം തുടരുന്നത്. ഗാസിപൂർ അതിർത്തിയിലും സമരക്കാരുടെ എണ്ണം വർധിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരാണ് ഇവിടേക്ക് എത്തിയത്. നിയമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വീണ്ടും സമരക്കാരും സർക്കാരും തമ്മിൽ ചർച്ച നടക്കും.