തിരുവനന്തപുരം: വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞ യുവാവിനെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ നെയ്യാർഡാം സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറിനെ സ്ഥലം മാറ്റി.പരാതി പറയാൻ ഒപ്പമെത്തിയ പിതാവ് മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ച എ എസ് ഐ ഗോപകുമാറിനോട് തന്റെ പിതാവ് മദ്യപിക്കില്ലെന്നും യന്ത്രം കൊണ്ട് ഊതി പരിശോധിക്കാമല്ലോയെന്നും മകൾ പറഞ്ഞതോടെ ‘നീ പറയുമ്പോ ഊതാനുള്ള സാധനവുമായി ഇരിക്കുകയാണോ ഞങ്ങൾ’ എന്ന് എഎസ്ഐ മര്യാദ വിട്ട് അലറുന്നതും വിഡിയോയിലുണ്ട്.

പരാതി വാങ്ങാൻ തയ്യാറാകാതെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിയും അസഭ്യവർഷവും നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ഗോപകുമാറിനെ ഡിജിപി ഇടപെട്ട് കുട്ടിക്കാനം ആംഡ് ബറ്റാലിയൻ അഞ്ചിലേക്ക് സ്ഥലം മാറ്റി. 2 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റൂറൽ റേഞ്ച് ഡിഐജിയെ ചുമതലപ്പെടുത്തി.