തൃശ്ശൂർ: കൊവിഡ് വരുത്തിവെച്ച തൊഴിലില്ലായ്മയെ തിരഞ്ഞെടുപ്പിലൂടെ മറികടക്കാന്‍ ശ്രമിക്കുകയാണ് തൃശൂരിലെ ഒരു കൂട്ടം കലാകാരൻമാർ… സ്ഥാനാർഥികൾക്കാവശ്യമായ പാരഡി ഗാനങ്ങൾ ഓണ്‍ലെെനിലൂടെ ഒരുക്കി അതിജീവന മാര്‍ഗ്ഗം കണ്ടെത്തുകയാണിവര്‍.. തൃശൂർ തലോർ സ്വദേശി അബി വർഗീസും സംഘവും ഇപ്പോള്‍ പ്രചരണ ഗാനങ്ങൾ ഒരുക്കുന്ന തിരക്കിലാണ്..

കോവിഡ് മൂലം സ്റ്റുഡിയോ വര്‍ക്കുകള്‍ ഇല്ലാതായതോടെ പൂട്ടിപോയതാണ് തൃശ്ശൂര്‍ അഞ്ചേരിച്ചിറയിലെ ഗീതാഞ്ജലി സ്റ്റുഡിയോ… എന്നാൽ തിരഞ്ഞെടുപ്പ് ആയതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായി പാരഡി ഗാനങ്ങൾ ഒരുക്കി ജീവിതം തിരികെകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവർ…

ഉത്സവപ്പരിപാടികള്‍ മുതല്‍ മെഘാ ഷോ വരെ ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ വീട്ടിലെ കൊച്ചു മുറിയില്‍ സ്റ്റുഡിയോ ഒരുക്കിയാണ് പാരഡി ഗാനങ്ങൾ തയ്യാറാക്കുന്നത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഏത് സ്ഥാനാർഥികൾക്കും അബി വർഗീസും സംഘവും പാട്ടൊരുക്കും.ഓൺലൈൻ വഴിയാണ് പരിപാടികളെല്ലാം..ഓൺലൈനിലൂടെ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അയച്ചു നൽകിയാൽ തിരിച്ച് ഓൺലൈനിലൂടെ തന്നെ പാട്ട് തയ്യാറാക്കി അയച്ചു കൊടുക്കും…പ്രതിഫലവും ഓണ്‍ലെെന്‍ വഴി നല്‍കണം..

കലാഭവന്‍ മണിയുടെ പാട്ടുകൾക്കാണ് ഇത്തവണയും ആവശ്യക്കാർ ഏറെയുള്ളത്..തെരഞ്ഞെടുപ്പ് ആവേശത്തിനോടൊപ്പം കൊവിഡ് പ്രതിരോധവും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗാനങ്ങളിലും അന്നൗൺസ് മെന്റുകളിലും ഇടം പിടിച്ചിട്ടുണ്ട്.