
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന തൃശൂർ ചുവന്ന മണ്ണ് സ്വദേശി ജിൻസനാണ് പരാതി നൽകിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി പറഞ്ഞാൽ അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നൽകാമെന്നാണ് വാഗ്ദാനം. ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസറാണ് വിളിച്ചതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് ഇന്ന് രാജിവച്ചു. അഡീഷണല്‍ ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് വിചാരണ പുനരാരംഭിച്ചപ്പോള്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ച കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. നിലവിലുള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്.