തൃശ്ശൂർ പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഫെൻസിങ് ലൈനിനോട് ചേർന്ന് രാവിലെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പീച്ചി വാണിയമ്പാറ വന മേഖലയിൽ ആദ്യമായാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്.

ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ അകലെ പെരുന്തുമ്പയിൽ ജനവാസ മേഖലയോടു ചേർന്നുള്ള വനാതിർത്തിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പുലർച്ചെ റബർ ടാപ്പിങ് എത്തിയ കർഷകരാണു സോളർ വൈദ്യുതി വേലിയോടു ചേർന്ന് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.പീച്ചി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വാണിയമ്പാറ സെക്ഷനു കീഴിലുള്ള വന മേഖലയിലാണ് കാട്ടാന ചരിഞ്ഞത്.

മരണം സംഭവിക്കാവുന്ന തരത്തിലുള്ള വൈദ്യുതി പ്രവാഹം ഫെൻസിങ് ലൈനിൽ ഇല്ല. 100 മീറ്റർ താഴ്ചയിലേക്കു നിരങ്ങി വീണ അടയാളങ്ങളുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തിൽ പീച്ചി ഫോറസ്റ്റ് ഡിവിഷൻ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷം ആരംഭിച്ചു.
