തൃശ്ശൂർ: ഫ്രീഡം ബ്രാൻഡിലൂടെ ഭക്ഷണവും ,പെട്രോൾ പമ്പും തുടങ്ങി നിരവധി സംരംഭങ്ങൾ ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് വിജയം കൈവരിച്ച വിയ്യൂർ ജയിലിൽ നിന്നാണ് ഫ്രീഡം ലുക്സ് ബ്യൂട്ടി പാർലറും ആരംഭിച്ചിരിക്കുന്നത്.വിയ്യൂർ ജയിൽ പാർക്കിന് സമീപത്തായാണ് പാർലർ തുറന്നിരിക്കുന്നത്.രാവിലെ 7.30 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് പാർലറിന്റെ സേവനം ഉപയോഗപ്പെടുത്താം.ബ്യൂട്ടിഷൻ കോഴ്സ് പരിശീലനം പൂർത്തിയാക്കിയ ജയിൽ അന്തേവാസികളെയാണ് പാർലറിൽ രണ്ട് ഷിഫ്റ്റുകളിലായി ജോലിക്കായി നിയോഗിക്കുന്നത്.

മുടി വെട്ടുന്നതിനും ഷെവിങ്ങും അടക്കമുള്ള സേവനങ്ങൾക്ക് മിതമായ നിരക്കാണ് പാർലറിൽ ഈടാക്കുന്നത്.ജയിലിലെ അന്തേവാസികളിൽ നല്ല നടപ്പുള്ളവരെയാണ് പാർലറിൽ ജോലി ചെയ്യിക്കുന്നത്.സമീപത്തായി പ്രവർത്തിക്കുന്ന ഫ്രീഡം ഫ്യൂവൽ പെട്രോൾ പമ്പും ഫ്രീഡം ഫുഡ് ഷോപ്പും മികച്ച ജനപ്രീതിയാണ് നേടിയിട്ടുള്ളത്.

അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായി ഫ്രീഡം എഫ് എം റേഡിയോയും,ഫ്രീഡം ടിവി ചാനലും വിയ്യൂർ ജയിലിൽ പ്രവർത്തിക്കുന്നുണ്ട്.നിലവിൽ തിരുവനന്തപുരം പൂജപ്പുരയിലെ കരമന റോഡിൽ പുരുഷൻമാർക്കായുള്ള ബ്യൂട്ടിപാർലർ പ്രവർത്തിക്കുന്നുണ്ട്.തടവുകാർക്ക് തൊഴിൽ പരിശീലനം നൽകി അവരുടെ പൂർണമായ മാനസിക പരിവർത്തനം കൂടെയാണ് ഇത്തരം പദ്ധതികളിലൂടെ ജയിൽ വകുപ്പ് ലക്ഷ്യമിടുന്നത്. തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനം നൽകാനും ഇത്തരം സംരംഭങ്ങളിലൂടെയാകും.