
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയിൽ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരാം. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചേക്കും. നേരത്തെയും പലവട്ടം വിജിലൻസും ഇഡിയും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല.
ഇന്ന് രാവിലെയാണ് തിരുവന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിൻ്റെ ആലുവയിലെ വീട്ടിലെത്തിയത്. അൽപസമയം ചോദ്യം ചെയ്ത ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴ സെഷൻസ് കോടതിയിൽ ഹാജരാക്കാനുമായിരുന്നു വിജിലൻസിൻ്റെ പദ്ധതി.
എന്നാൽ രാവിലെ ഇബ്രാഹിം കുഞ്ഞിൻ്റെ വീട്ടിലെത്തിയ വിജിലൻസ് സംഘത്തിന് അദ്ദേഹത്തിൻ്റെ ഭാര്യയെ മാത്രമാണ് അവിടെ കണ്ടെത്താനായത്. ഇബ്രാഹിംകുഞ്ഞ് എവിടെയെന്ന് ആരാഞ്ഞ വിജിലൻസ് സംഘത്തോട് അദ്ദേഹം അസുഖബാധിതനായി കൊച്ചിയിലെ ലേക്ക് ഷേർ ആശുപത്രിയിലാണെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇതോടെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റ് മുൻകൂട്ടി കണ്ട് ആശുപത്രിയിലേക്ക് മാറിയെന്ന സംശയം വിജിലൻസിനുണ്ടായത്.
ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനായി വൻ പൊലീസ് സന്നാഹത്തോടെയാണ് വിജിലൻസ് സംഘം മുൻമന്ത്രിയുടെ വീട്ടിലെത്തിയത്. എന്നാൽ ഇന്നലെ ഉച്ചവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റായ വിവരം മാത്രം വിജിലൻസ് അറിഞ്ഞിരുന്നില്ല.
ഇന്നലെ രാത്രിയോടെയാണ് ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നാണ് വിവരം. അദ്ദേഹത്തെ അൽപസമയത്തിനകം ഐസിയുവിലേക്ക് മാറ്റും എന്നും വിവരമുണ്ട്. കളമശ്ശേരിയിലെ വീട്ടിൽ നിന്നും ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയ വിജിലൻസ് സംഘം ജൂനിയർ ഡോക്ടർമാരുമായി സംസാരിച്ചു. ഇബ്രാഹിംകുഞ്ഞിൻ്റെ ആരോഗ്യനില സംബന്ധിച്ച വിശദവിവരങ്ങൾ അവർ തേടുന്നുണ്ട്. വിജിലൻസിൻ്റെ അറസ്റ്റ് നീക്കം മുൻകൂട്ടി കണ്ട് മുൻകൂർജാമ്യം തേടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിൽ നടപടി വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.