ഇന്ത്യൻ മഹാസമുദ്രത്തില്‍ ജാവയ്ക്ക് തൊട്ട് തെക്കായി ഓസ്ട്രേലിയൻ പ്രദേശത്ത് കിടക്കുന്ന അതിമനോഹരമായ ഒരു ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 1643ലെ ഒരു ക്രിസ്മസ് ദിനത്തിൽ ഈ ദ്വീപിന് സമീപത്തുകൂടി കപ്പലോടിച്ച വില്യം മെനോസ് എന്ന നാവികനാണ് ദ്വീപിന് ക്രിസ്മസ് ദ്വീപെന്ന പേര് നൽകിയത്.

മനുഷ്യന്റെ പരിമിതമായ ഇടപെടലുകളും മൂലം ഒട്ടനവധി അപൂര്‍വ്വ സസ്യജന്തുജാലങ്ങൾ ഇവിടെ ഇന്നുമുണ്ട്.ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എന്ന് ഇതിനെ വിളിക്കുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്.ഇന്ന് ലോകമെമ്പാടുള്ള സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ക്രിസ്മസ് ദ്വീപ്.

ക്രിസ്മസ് ദ്വീപില്‍ എല്ലാ വര്‍ഷവും കാണപ്പെടുന്ന ഒരു മനോഹര പ്രതിഭാസമാണ് ചുവന്ന ഞണ്ടുകളുടെ കടൽയാത്ര. ഏകദേശം 50 ദശലക്ഷം ചുവന്ന കര ഞണ്ടുകൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ മഴക്കടുകളിൽ നിന്നും തീരത്തേക്ക് പ്രജനനത്തിനായി പുറപ്പെടുന്ന യാത്ര ഒരു പ്രകൃതി വിസ്മയമാണ്.

തണുപ്പുകാലത്തെ ആദ്യ മഴക്കുശേഷം ആൺ ഞണ്ടുകളാണ് മഴക്കാടുകളിൽ നിന്നും തീരത്തേക്ക് യാത്രപുറപ്പെടുന്നത്.കഠിനവും ദിവസങ്ങൾ നീണ്ട അപകടം നിറഞ്ഞതുമായ യാത്രയിൽ വഴിൽ വീണുകിടക്കുന്ന ഇലകളും പഴങ്ങളുമൊക്കെ ഭക്ഷിച്ചാണ് ലക്ഷ്യത്തിലെത്തുക.ഞണ്ടുകളുടെ യാത്ര സുഗമാക്കാൻ ദ്വീപിലെ റോഡുകളിൽ പാലങ്ങളും തുരങ്കങ്ങളുമൊക്കെ അധികൃതർ തയാറാക്കിയിട്ടുണ്ട്.

തീരത്തെത്തിയാൽ പിന്നാലെയെത്തുന്ന പെൺ ഞണ്ടുകൾ ഇവർക്ക് ഇണകളാകും.കടൽത്തീരത്തെ പ്രജനനത്തിന് ശേഷം കടലിൽ കുളിച്ചു ആൺ ഞണ്ടുകൾ മടങ്ങും.പിന്നാലെ മുട്ടകൾ കടലിൽ ഒഴുക്കി പെൺ ഞണ്ടുകളും മഴക്കാടുകളിലേക്ക് മടങ്ങും.കടൽ ജലത്തിൽ വിരിഞ്ഞിറങ്ങുന്ന ഞണ്ടിൻ കുഞ്ഞുങ്ങളും മറ്റ് ജലജീവികളെ അതിജീവിച്ച് തങ്ങൾക്കായി പ്രകൃതി ഒരുക്കിയ സ്വർഗ്ഗ ദ്വീപിലേക്ക് ചേക്കേറും.കുഞ്ഞൻ ഞണ്ടുകളുടെ മഴക്കടുകളിലേക്കുള്ള യാത്രയും സഞ്ചാരികൾക്ക് അദ്ഭുതമാണ്.

ഏറെക്കാലം തങ്ങളുടേത് മാത്രമായിരുന്ന ക്രിസ്മസ് ദ്വീപിൽ ഈയിടെയായി ഞണ്ടുകൾക്ക് ഒരു ഭീഷണി എത്തിയിട്ടുണ്ട്.എവിടെ നിന്നെത്തിയെന്നറിയാത്ത മഞ്ഞ ഉറുമ്പുകളാണ് ഇക്കൂട്ടർ.ഇതുവരെ 15 ലക്ഷം ചുവന്ന ഞണ്ടുകളെയാണ് ഈ ഭീകരർ തിന്ന് തീർത്തത്.പ്രതിസന്ധികൾ ഏറെയുണ്ടെകിലും ഞണ്ടുകളും തങ്ങളുടെ യാത്രയ്ക്ക് അവയൊന്നും തടസ്സമാക്കാറില്ല.

ഗോള്‍ഡന്‍ ബോസണുകൾ, ഫ്രിഗേറ്റ് പക്ഷികൾ, ചുവപ്പ്, തവിട്ട് നിറമുള്ള പാദങ്ങളോടു കൂടിയ ബൂബീസ് തുടങ്ങി മനോഹരവും അപൂർവവുമായ നിരവധി പക്ഷികളുടെ താവളം കൂടിയാണ് ക്രിസ്മസ് ദ്വീപ്.എല്ലാവര്‍ഷവും സെപ്റ്റംബറില്‍ നടത്തുന്ന ബേർഡ് നേച്ചർ വീക്കിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള നിരവധി പക്ഷിനിരീക്ഷകരാണ് ഇക്കാലത്ത് ദ്വീപിലേക്കെത്തുന്നത്.

യാത്രാ മാർഗ്ഗങ്ങൾ

പശ്ചിമ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ക്രിസ്മസ് ദ്വീപ് വിമാനത്താവളത്തിലേക്ക് വിർജിൻ ഓസ്ട്രേലിയ റീജിയണൽ എയർലൈൻസിന്റെ രണ്ട് വിമാന സർവീസുകൾ ആഴ്ചതോറുമുണ്ട്.ക്രിസ്മസ് ഐലന്റ് ട്രാവൽ എക്സ്ചേഞ്ച് വഴി ഗരുഡ ഇന്തോനേഷ്യ ജക്കാർത്തയിൽ നിന്ന് ആഴ്ചതോറും ഓപ്പൺ ചാർട്ടർ ഫ്ലൈറ്റുകൾ ലഭ്യമാക്കുന്നുണ്ട്. എവർക്രോൺ എയർ സർവീസസ് വഴി മാലിൻഡോ എയർ ക്വാലാലംപൂരിൽ നിന്ന് ഒന്നിടവിട്ട ദിനങ്ങളില്‍ ഓപ്പൺ ചാർട്ടർ വിമാന സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്.വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്ക് കാറുകൾ വാടകയ്ക്ക് കിട്ടും.