തൃശ്ശൂർ: പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്ന’ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്തമ, ഉത്തര എന്നിവരുടെ വിവാഹമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത്.തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ രമാദേവി പ്രേംകുമാർ ദമ്പതികളുടെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്നു വീണ അഞ്ചു മക്കളിൽ മൂന്ന് പേരുടെ വിവാഹമാണ് ഗുരുവായൂരിൽ നടന്നത്.1995 നവമ്പർ 18നാണ് രമാദേവി നിമിഷങ്ങളുടെ വ്യത്യാസത്തിൽ അഞ്ച് കുട്ടികൾക്ക് ജന്മം നൽകിയത്.ഇതിൽ ഒരാൺകുട്ടിയും 4 പെൺകുട്ടികളുമാന് ജനിച്ചത്.പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ചു മക്കളുടെയും പേരിടീലും ചോറൂണും സ്കൂൾ പ്രവേശനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.ഇവരിൽ 3 പേരുടെ വിവാഹമാണ് ഗുരുവായൂരിൽ നടന്നത്.

ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കറ്റിൽ ഹോട്ടൽ മാനേജരായ കെ.എസ്. അജിത് കുമാറും, ഓൺലൈൻ മാധ്യമ രംഗത്തുള്ള ഉത്തരയെ കോഴിക്കോട് സ്വദേശിയും മാധ്യമ പ്രവർത്തകനുമായ കെ.ബി മഹേഷ് കുമാറും, അനസ്തീഷ്യ ടെക്നീഷ്യനായ ഉത്തമയെ മസ്കറ്റിൽ അക്കൗണ്ടൻ്റായ ജി.വിനീതുമാണ് വിവാഹം ചെയ്തത്.നാല് സഹോദരിമാരുടെ ഏക സഹോദരൻ ഉത്രജൻ കാരണവർ സ്ഥാനത്തു നിന്ന് സഹോദരിമാരെ കൈ പിടിച്ചേൽപ്പിച്ചു.

പഞ്ചരത്നങ്ങൾക്ക് ഒമ്പത് വയസുള്ളപ്പോഴാണ് അച്ഛൻ പ്രേംകുമാറിന്റെ അപ്രതീക്ഷിത വേർപാട്. എന്നാൽ ജീവിതദുഃഖത്തിൽ തളരാതെ മക്കൾക്കു വേണ്ടി രമാദേവി സധൈര്യം വിധിയോടു പോരാടി വിജയിച്ചു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയ രമാദേവിക്ക് ജില്ലാ സഹകരണബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലി നൽകി സർക്കാരും താങ്ങായി.