
തൃശ്ശൂർ: സിപിഎം ചിറ്റിലങ്ങാട് ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി നന്ദന് വേണ്ടിയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.സനൂപിനെ കുത്തിയത് നന്ദനാണെന്ന് ഒപ്പം ആക്രമിക്കപ്പെട്ട് ചികിത്സയിൽ കഴിയുന്നവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.പ്രതികൾ ജില്ല വിട്ടു പോയിട്ടില്ലെന്നും ഉടനെ അറസ്റ്റ് നടക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.അതേസമയം പ്രതികളെ കൊലപാതകത്തിന് ശേഷം രക്ഷപെടാൻ സഹായിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട സനൂപിനോപ്പം ഉണ്ടായിരുന്നവരിൽ പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്.ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.
നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി – ബംജ്റഗദൾ പ്രവർത്തകരാണ് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇവരിൽ നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവരുടെ മൊഴി.നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്.ഇതോടൊപ്പം തലക്ക് പിന്നിലും മർദ്ദനം ഏറ്റിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.ഗുരുതരമായി കുത്തേറ്റ സനൂപ് അവിടെ തന്നെ വീണു. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവരെ പിന്തുടർന്ന് കുത്തിയെന്നാണ് പൊലീസിന് നൽകിയ മൊഴി.