
തൃശ്ശൂർ: കൊല്ലപ്പെട്ട ഡോക്ടർ സോനയുടെ ബിസിനസ് പാർട്ണറും സുഹൃത്തുമായ മഹേഷ് ആണ് പിടിയിലായത്.പുലർച്ചെ പൂങ്കുന്നത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.ഡോക്ടർ സോനയും പ്രതി മഹേഷും ചേർന്ന് ദ ഡെന്റിസ്റ്റ് ഡെന്റൽ ക്ലിനിക് നടത്തിവരികയായിരുന്നു.സാമ്പത്തിക ഇടപാടുകളിൽ ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഡോക്ടർ സോനാ പോലീസിൽ പരാതി നൽകി.ഡോക്ടർ സോനയുടെ കുടുംബാംഗങ്ങളും നോക്കി നിൽക്കേയാണ് മഹേഷ് ഡോക്ടർ സോനയെ കുത്തി പരിക്കേൽപ്പിക്കുന്നത്.വയറിനു താഴെയും, കാലിനും കുത്തേറ്റു. പ്രതി ഉടൻതന്നെ കാറിൽ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടർ സോനയെ കുടുംബാംഗങ്ങൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യസ്ഥിതി വഷളായി ഡോക്ടർ സോന കഴിഞ്ഞ ഞായറാഴ്ച മരിച്ചു.ഭര്‍ത്താവുമായി അകന്നു കഴിയുന്ന സോന രണ്ട് വര്‍ഷത്തോളമായി മഹേഷിനൊപ്പമായിരുന്നു താമസം.കുരിയച്ചിറയിലെ ഫ്ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.സംഭവത്തിനു ശേഷം പ്രതിക്ക് വേണ്ടിയുള്ള ഊർജിതമായ തിരച്ചിൽ ആയിരുന്നു പോലീസ്.ഇയാള്‍ രക്ഷപ്പെട്ട കാര്‍ ഒല്ലൂര്‍ പൊലീസ് നെടുപുഴയിൽ നിന്നും കണ്ടെത്തിയിരുന്നു.പ്രതിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിൽ നിന്നാണ് ഇയാൾ പൂങ്കുന്നം ഭാഗത്ത് ഉണ്ടെന്ന് മനസ്സിലായത്. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ തൃശ്ശൂരിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി.