
തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയ്ക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിനു കീഴിലുള്ള ദേശീയ കാർഷിക വിദ്യാഭ്യാസ അ ക്രഡിറ്റേഷൻ ബോർഡിൻറെ(എൻ എ ഇ എ ബി ) അംഗീകാരം ലഭിച്ചു. സർവകലാശാലയ്ക്കും അതിനു കീഴിലുള്ള വിവിധ കോളജുകൾക്കും അക്കാദമിക് പ്രോഗ്രാമുകൾക്ക് തുടർന്നുള്ള അഞ്ചു വർഷക്കാലത്തേക്കാണ് അംഗീകാരം ലഭിച്ചത്. സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകളിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഐസിഎആറിന് കീഴിലുള്ള സ്ഥാപനമാണ് ദേശീയ കാർഷിക വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡ്.
2020 ജനുവരിയിൽ അക്രഡിറ്റേഷൻ ബോർഡ് നിയമിച്ച വിദഗ്ധസംഘം സർവകലാശാലയും, ഇതിന് കീഴിലുള്ള കോളേജുകളും സന്ദർശിച്ച് തയ്യാറാക്കിയ പഠന റിപ്പോർട്ട്, സ്കോർ ബോർഡ് എന്നിവ വിശദമായി വിലയിരുത്തിയാണ് അംഗീകാരം നൽകിയത്.അക്രഡിറ്റേഷൻ പ്രക്രിയയിൽ കാർഷിക സർവകലാശാലയും അനുബന്ധ കോളേജുകളായ വെള്ളാനിക്കര കാർഷിക കോളേ ജ്, വെള്ളാനിക്കര ഫോറസ്ട്രി കോളേജ് എന്നിവയും വെള്ളാനിക്കര കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് കോളേജിലെ എം ബി എ പ്രോഗ്രാമും ഉയർന്ന സ്കോർ നേടി. ഈ കോളേജുകളിലുള്ള ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകൾക്കുള്ള അംഗീകാരമാണ് ലഭിച്ചത്. കാർഷിക സർവകലാശാല വിദ്യാർഥികൾക്ക് രാജ്യത്തുടനീളമുള്ള എഴുപതിലധികം സംസ്ഥാന, കേന്ദ്ര, കാർഷിക സർവകലാശാലകളിൽ ഉന്നതപഠനം നടത്തുന്നതിനും, മറ്റ് സംസ്ഥാന കാർഷിക സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇവിടെ ഉന്നതപഠനം നടത്തുന്നതിനും ഈ അംഗീകാരം സഹായകമാകും.
ഈ അംഗീകാരം ഐസിഎ ആറിൽ നിന്നുള്ള ധനസഹായം ലഭിക്കുന്നതിന് കേരള കാർഷിക സർവകലാശാലയെ യോഗ്യമാക്കുന്നു. കൂടാതെ മത്സരാധിഷ്ഠിത ഗവേഷണ ഗ്രാൻഡ് ലഭിക്കുന്നതിന് സർവകലാശാലയ്ക്കും, ഫാക്കൽറ്റികൾക്കും സഹായമാകും. 2020- 21 അധ്യയന വർഷം മുതൽ സർവകലാശാല ആരംഭിക്കുന്ന നാലുവർഷത്തെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി സയൻസിൽ ഉള്ള ബി എസ് സി കോഴ്സിനുള്ള അംഗീകാരത്തിനായി കൗൺസിൽ ശുപാർശപ്രകാരം ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുമുണ്ട്.