വാടക വീട്ടിൽ നിന്നും ബിജുലാൽ പാറളത്തേയ്ക്ക്
തൃശ്ശൂർ: ഒല്ലൂർ പെരുവാംകുളങ്ങരയിൽ അഞ്ച് വർഷമായി വാടക വീട്ടിൽ കഴിയുന്ന ഭിന്നശേഷിക്കാരനായ ബിജുലാലിനും കുടുംബത്തിനും
ഇനി പാറളത്ത് സ്വന്തമായ വീട് ഉയരും. റേഷൻ കാർഡില്ലാത്ത ബിജുലാലിനും കുടുംബത്തിനും ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് കൊടുക്കാൻ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു.ഇതിനെ തുടർന്നാണ് ജില്ലാ കലക്ടർ എസ് ഷാനവാസ് മുൻകൈയെടുത്ത് പാറളം ഗ്രാമപഞ്ചായത്തിലെ വെങ്ങിണിശ്ശേരിയിൽ സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ച് കൊടുക്കാൻ തീരുമാനിച്ചത്.തുടർന്ന് സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിച്ച് കൊടുക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് വെങ്ങിണിശ്ശേരി വില്ലേജിലെ മൂന്നാം വാർഡിൽ മൂന്ന് സെന്റ് സ്ഥലത്ത് ബിജുലാലിനും ബിന്ദുവും വീടൊരുങ്ങുന്നത്.

ഭിന്നശേഷിക്കാരിയായ ഭാര്യ ബിന്ദുവും പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ അരുന്ധതിയും ചേർന്നതാണ് ബിജുലാലിൻ്റെ കുടുംബം. ഭാര്യ ബിന്ദുവിന് ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ലഭിക്കുന്ന ശമ്പളമാണ് കുടുംബത്തിൻ്റെ വരുമാനമാനം.വിവിധ സ്പോൺസർമാരുടെ സഹായ-സഹകരണത്തോടെ 3.5 ലക്ഷം രൂപ മുതൽമുടക്കിൽ സ്ഥലം ഉടമ സി എൻ സുരഭിഘോഷിൽ നിന്നും സ്ഥലം വാങ്ങുകയും സ്ഥലം ഉപഭോക്താവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 550 ചതുരശ്ര അടിയിലാണ് വീട് നിർമ്മിക്കുക. ഉടനെ നിർമ്മാണം തുടങ്ങുമെന്ന് കലക്ടർ പറഞ്ഞു.
വീട് നിർമിക്കുന്നതിന് വെങ്ങിണിശ്ശേരിയിൽ കണ്ടെത്തിയ സ്ഥലത്ത് ജില്ലാ കലക്ടർ എസ് ഷാനവാസ് തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. തുടർന്ന് സ്ഥലത്തിന് ആവശ്യമായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് മകൾ അരുന്ധതിയ്ക്ക് നൽകി. ചടങ്ങിൽ
പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സദീപ് ജോസഫ്,
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സല ദിവാകരൻ, സ്ഥലം ഉടമ സി എൻ സുരഭി ഘോഷ് എന്നിവർ പങ്കെടുത്തു.