തൃശ്ശൂർ : കാലത്ത് കാഴ്ചയിൽ ആശ്ചര്യം തീർക്കുന്ന 15 തലകളുള്ള പൈനാപ്പിളാണ് നാട്ടിലെ താരമാവുന്നത്.തൃശ്ശൂർ വടക്കാഞ്ചേരി പുതുരുത്തി പാണൻ പടിയിൽ 22 ഏക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷി നടത്തുന്ന തൊടുപുഴ ഉടുമ്പന്നൂർ പന്നൂർ സ്വദേശികളായ ജയൻ, സാബു, ബൈജു എന്നിവർ കൃഷിയിറക്കിയ തോട്ടത്തിൽ നിന്നാണ് ഒരു ഞെട്ടിയിൽ നിന്ന് പത്തിലധികം തലയുള്ള പൈനാപ്പിൾ ലഭിച്ചത്. വിശാലമായ കൃഷിയിടത്തിൽ നിന്നും ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് അപൂർവ കാഴ്ച ആദ്യം കണ്ടെത്തിയത്. പരസ്പരം ഒട്ടിച്ചേർന്ന നിലയിലാണ് പഴവർഗത്തിൻ്റെ വിസ്മയ ജനനം. 4 മാസത്തോളം പ്രായമായമുള്ള ഫലത്തിന് ഇപ്പോൾ തന്നെ ഏകദേശം 6 കിലോയോളം ഭാരവുമുള്ളതായി തോട്ടം സൂക്ഷിപ്പുകാരനായ ഹേമന്ത് പറയുന്നു . രണ്ടും മൂന്നും വീതം ഒരു ഞെട്ടിൽ തന്നെ ഉണ്ടാവുന്നത് കാണാറുണ്ടെങ്കിലും ആദ്യമായാണ് 15 തലകൾ ഉള്ള ഒരു പൈനാപ്പിൾ ചെടി കാണുന്നതെന്നാണ് പ്രദേശത്തെ വയോധിക കർഷകർ ഉൾപ്പടെയുള്ള നാട്ടുകാരുടെ അനുഭവസാക്ഷ്യം.വാർത്തയറിഞ്ഞ് നിരവധി ആളുകളാണ് ഈ അപൂർവ്വ പൈനാപ്പിൾ കാണാനെത്തുന്നത്.തോട്ടത്തിൽ എല്ലാവർക്കും കാണാൻ കഴിയുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുകയാണ് തോട്ട ഉടമകൾ പൈനാപ്പിൾ.