തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയാണ് ജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു നിർമ്മിച്ച വളം ജനങ്ങളിലേക്ക് എത്തിക്കുന്നത്.ടി.കെ.എസ് പുരത്തുള്ള ബയോ കമ്പോസ്റ്റിംഗ് പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ വളം അൻപത്, ഇരുപത്, പത്ത് കിലോഗ്രാം പാക്കുകളിലായാണ് വിപണിയിൽ എത്തുക. പച്ചക്കറികൾ ഉൾപ്പെടെ എല്ലാ വിളകൾക്കും ഈ വളം ഉപയോഗിക്കുവാൻ കഴിയും.ഒരു കിലോഗ്രാമിൻ്റെ വില 14 രൂപയായി നഗരസഭ കൗൺസിൽ നിശ്ചയിച്ചിട്ടുണ്ട്.
കൃഷിഭവനിൽ നിന്ന് വാങ്ങുന്നവർക്ക് സബ്സിഡി കഴിച്ച് 3 രൂപ വിലയ്ക്ക് ലഭ്യമാകും.കോട്ടപ്പുറം മാർക്കറ്റിൽ നിന്ന് ശേഖരിക്കുന്ന വാഴയില ഉൾപ്പെടെയുള്ള ജൈവ വസ്തുക്കൾ ശേഖരിച്ച് പ്ലാൻ്റിലെത്തിച്ച് ശാസ്ത്രീയമായി സംസ്ക്കരിക്കും. യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നുറുക്കി പൊടിച്ച് അരിച്ചെടുക്കുന്നു.ഇ നോക്കുലം ഉപയോഗിച്ച് വിഘടിപ്പിച്ച് ആവശ്യമായമൂലകങ്ങൾ ചേർത്ത് ഗുണമേൻമ ഉറപ്പു വരുത്തും.പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാസ്ത്ര- ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സി. യുടെ സാങ്കേതിക സഹായത്തോടുകൂടിയാണ് നിർമ്മാണം നടത്തുന്നത്.ഇതിനായി രണ്ട് വിദഗ്ധരായ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.കുടുംബശ്രീ അയൽകൂട്ടത്തിൽ നിന്ന് രൂപീകരിച്ച അഞ്ചംഗ വനിതാ സംഘത്തിനാണ് നിർമ്മാണം മുതൽ വിപണനം വരെയുള്ള ചുമതല നൽകിയിട്ടുള്ളത്.ഒരു ആഴ്ച്ചയിൽ 5ടൺ വളം ഇവിടെ ഇപ്പോൾ നിർമ്മിക്കുവാൻ കഴിയുമെന്നും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉയർന്നു വന്നിട്ടുള്ള പുതിയ കാർഷിക സംസ്കാരത്തിൻ്റെ ഭാഗമായി വളം കൂടുതൽ വിപണിയിലെത്തിക്കുമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു.അടുത്ത ഘട്ടത്തിൽ നഗരത്തിലെ മറ്റ് ജൈവ മാലിന്യവും ശേഖരിച്ച് ശാസ്ത്രീയമായി സംസ്ക്കരിച്ച് വളം നിർമ്മാണം വിപുലപ്പെടുത്തും.പ്ളാൻ്റിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ 32 ലക്ഷം രൂപയും യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് 7 ലക്ഷം രൂപയുമാണ് ഈ വർഷം പുതിയതായി നീക്കിവെച്ചിട്ടുള്ളത്.