
ഇന്ത്യൻ കാർഷിക രംഗത്തെ മാറ്റിമറിക്കാൻ തക്ക വിധത്തിലുള്ള മൂന്ന് ബില്ലുകളാണ് കഴിഞ്ഞ ആഴ്ച ലോക്സഭാ പാസാക്കിയത്. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ സംസ്ഥാനത്തിനു അകത്തും പുറത്തും ഇടനിലക്കാരില്ലാതെ വിപണനം നടത്താൻ സഹായിക്കുന്ന പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്സ് ബിൽ, ഉത്പന്നങ്ങൾക്ക് മിനിമം വില ഉറപ്പുതരുന്ന പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസസ് ബിൽ, ഭഷ്യ ക്ഷാമം, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്ന എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ടിൽ വരുത്തിയ ഭേദഗതി എന്നിവയാണത്. ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ രീതിയിലും, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെറിയ രീതിയിലും കർഷക പ്രക്ഷോഭങ്ങൾ നടന്നു വരുന്നുണ്ട്. സംസ്ഥാനത്തു നിന്നുണ്ടായ പ്രതഷേധങ്ങളുടെ ഫലമായി പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലിദൾ എം പി യും മന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ നരേന്ദ്ര മോഡി മന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.
പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്സ് ബിൽ പ്രകാരം കർഷകർക്ക് ഇടനിലക്കാരെ പൂർണമായി ഒഴിക്കാക്കികൊണ്ട് APMC മാർക്കറ്റുകൾക്കു പുറമെ വിപണനം നടത്താൻ സാധിക്കുന്നു. ഒരു പാൻ കാർഡുള്ള ആർക്കും കർഷകരിൽ നിന്നു ഉൽപന്നങ്ങൾ വാങ്ങുവാനും സാധിക്കും. സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ യാതൊരു വിധ നികുതികളോ ഏർപ്പെടുത്താൻ കഴിയില്ല. കർഷകരെ സംബന്ധിച്ചു ഇത് പുതിയ വിപണന സാദ്ധ്യതകൾ തുറക്കുമെങ്കിലും സംസ്ഥാന സർക്കാരുകളുടെ വരുമാനത്തെയും അവകാശങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.
പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസസ് ബിൽ പ്രകാരം കർഷകർക്ക് വ്യാപാരികളുമായി കൃഷിക്കോ വിളവെടുപ്പിനോ ഒരു വിളവെടുപ്പുകാലം മുന്നേ തന്നെ കരാറിലേർപ്പെടുവാൻ സഹായിക്കുന്നു. വില സംബന്ധിച്ച ഏറ്റക്കുറച്ചിലുകളെക്കുറിച്ചും ഈ കരാറിൽ സൂചിപ്പിക്കാവുന്നതാണ്. ഒരു തർക്കം ഉടലെടുക്കുന്ന പക്ഷം ഒരു തർക്ക പരിഹാര കമ്മിറ്റി, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, അപ്പലേറ്റ് അതോറിറ്റി എന്നിവയടങ്ങിയ ഒരു ത്രിതല സംവിധാനവും രൂപീകരിച്ചിട്ടുണ്ട്.
പുതിയ നിയമങ്ങളും ഭേദഗതികളും കാർഷിക വിപണിയിലെ സാധ്യതകളെ വിപുലീകരിക്കുകയും കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുകയും ചെയ്യുമെന്നതിൽ സംശയം ഒന്നും ഇല്ല. പക്ഷെ സർക്കാരുകളുടെ നിയത്രണങ്ങൾ എടുത്തുകളയുന്നത് കോർപറേറ്റുകൾക്ക് കുത്തക അവകാശം നൽകുകയും കർഷകരുടെ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുമോ എന്ന ഭയം രൂപപ്പെടാൻ കാരണമായിട്ടുണ്ട്. ഇതൊക്കെ തന്നെ ആയിരിക്കണം പഞാബിലെയും ഹരിയാനയിലെയും കർഷകരെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചതും. കർഷകർ നേരിട്ട് വിപണയിൽ ഇടപെടുമ്പോൾ തങ്ങളുടെ വിഹിതം നഷ്ടപ്പെടുമോ എന്ന ഭയം ഇടനിലക്കാരെയും ഇതിനെതിരെ തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ബില്ലിൽ പറഞ്ഞിട്ടുള്ള ഓൺലൈൻ വ്യാപാരത്തെക്കുറിച്ചാണ്. തങ്ങളുടെ വിളകൾക്ക് അതിരുകളില്ലാത്ത വിപണിയാണ് ഓൺലൈൻ പ്ലാറ്റ്ഫോം കർഷകർക്ക് തുറന്നു കൊടുക്കുന്നത്. സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും കർഷകരെ ചൂഷണം ചെയ്യുന്നവരെ കൂച്ചുവിലങ്ങിടുകയും ഇപ്പോഴുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനു പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും പ്രതീക്ഷിക്കാം .