
ഇന്ത്യൻ വാഹന വിപണി എക്കാലവും നിർമാതാക്കളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടെയുള്ളൂ. ഇന്ത്യൻ മാർക്കറ്റിൽ പിച്ച വെച്ചു തുടങ്ങിയ കിയ മോട്ടോഴ്സും എം ജി യുമെല്ലാം നിരത്തു വാഴുന്നത് ഇക്കാര്യത്തെ അടിവരയിട്ടുറപ്പിക്കുന്നു. എന്തായാലും മത്സരം മുറുകുന്നതോടെ കൂടുതൽ സവിശേഷതകൾ നൽകി ഉപഭോഗക്താക്കളെ തങ്ങളുടെ കൂടെ നിർത്താനാണ് എല്ലാ നിർമാതാക്കളും ശ്രമിക്കുന്നത്. മുൻപൊക്കെ ആഡംബര കാറുകളിൽ മാത്രം കണ്ടു വന്നിരുന്ന പല ഫീച്ചേഴ്സും ഇതനുസരിച്ച് എൻട്രി ലെവൽ കാറുകളിലേക്കും എത്തിയിരിക്കുന്നു. ഓട്ടോമൊബൈൽ രംഗത്തെക്കുറിച്ചു അത്ര അറിവില്ലാത്ത ഒരാൾക്ക് പലപ്പോഴും ഇതൊക്കെ എന്താണ് എന്തിനാണ് എന്നൊക്കെ സംശയം തോന്നാം. അടുത്തിടെ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ച 20 ലക്ഷം രൂപയിൽ താഴെ വിലവരുന്ന കാറുകളിലെ ചില സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം
ഹെഡ് അപ്പ് ഡിസ്പ്ലേ

കിയ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച സെൽറ്റോസ് എന്ന മോഡലിലൂടെയാണ് ഈ ഫീച്ചർ ജനപ്രിയമായത്. കാറിന്റെ ഡാഷ്ബോർഡ് യൂണിറ്റിൽ കാണിക്കുന്ന വേഗത, മാപ്പുകൾ എന്നിവയൊക്കെ ഡ്രൈവറുടെ കാഴ്ച മറക്കാതെ തന്നെ മുൻഭാഗത്തെ ചില്ലിലേക്കോ അല്ലെങ്കിൽ പ്രേത്യേകമായി ഡാഷ്ബോർഡ് യൂണിറ്റിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു ഗ്ലാസ് സ്ക്രീനിലേക്കോ ഒരു പ്രോജെക്ടറിന്റെ സഹായത്തോടെ ഡിസ്പ്ലേ ചെയ്യുന്നു. തന്മൂലം ഡ്രൈവർക്കു റോഡിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ഈ വിവരങ്ങളൊക്കെ തന്നെ മനസിലാക്കാൻ സഹായിക്കുന്നു. വളരെ വേഗതയിൽ ഹൈവേയിലൂടെ പോകുന്ന വാഹനത്തിൽ നിന്നും ഒരു സെക്കന്റ് കാഴച മാറിയാൽ എന്തൊക്കെ സംഭവിക്കാം എന്ന് നമുക്കെല്ലാം അറിയാം. ഒരു ഫാൻസി ഫീച്ചർ എന്ന നിലയിൽ നിന്നും ഡ്രൈവറെ സഹായിക്കുന്ന ഫീച്ചർ എന്ന് വേണം ഹെഡ് അപ്പ് ഡിസ്പ്ലേയെ നാം മനസിലാക്കാൻ .
ഓട്ടോമാറ്റിക് ബ്രേക്കിംഗ്

കൊള്ളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം അല്ലെങ്കിൽ റഡാർ ബ്രേക്കിംഗ് സിസ്റ്റം എന്നൊക്കെ ഈ ഫീച്ചർ അറിയപ്പെടാത്താറുണ്ട്. ഡ്രൈവറുടെ അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാഹചര്യം കൊണ്ടോ ഒഴിവാക്കാനാവാത്ത ഒരു കൂട്ടിയിടി സാഹചര്യം ഉണ്ടായാൽ വാഹനം തന്നെ ഇത് മുന്നിൽ കണ്ട് വേഗത കുറക്കുകയും കൂട്ടിയിടി ഒഴിവാക്കുകയും ചെയ്യും. അടുത്ത കാലത്തായി ഇന്ത്യയിൽ ഹോണ്ട അവതരിപ്പിച്ച സിവിക് എന്ന മോഡലിൽ “റോഡ് സെൻസ് ” എന്നൊരു സവിശേഷത ഉൾപ്പെടുത്തുകയും അതിൽ ഒരു ഫീച്ചർ ആയി കൊള്ളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം കൊണ്ട് വരികയും ചെയ്തിരുന്നു. മുൻപിലുള്ള വാഹനവുമായി ഉള്ള അകലവും വാഹനത്തിന്റെ വേഗതയും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ താരതമ്യം ചെയ്യുകയും ഡ്രൈവറെ ഡാഷ്ബോർഡിൽ ഘടിപ്പിച്ചിരുന്ന ഡിസ്പ്ലേ യൂണിറ്റിന്റെ സഹായത്തോടെയോ അല്ലെങ്കിൽ ശബ്ദ സഹായത്തോടെയോ മുന്നറിയിപ്പ് നൽകുന്നു. എന്നിട്ടും വാഹനം മുന്നോട്ടു പോവുകയാണെങ്കിൽ വാഹനം തന്നെ നിയന്ത്രണം ഏറ്റെടുക്കുകയും അപകടം ഒഴിവാക്കുകയും ചെയ്യുന്നു.
ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ

നമുക്കെല്ലാം അറിയാം കാറുകളുടെ രണ്ടു വശത്തായി കൊടുത്തിരിക്കുന്ന മിററുകൾക്ക് കവർ ചെയ്യാൻ പറ്റുന്ന ഏരിയക്ക് ഒരു പരിധി ഉണ്ടെന്ന്. ഇവക്ക് കവർ ചെയ്യാൻ പറ്റാത്ത ഏരിയയെ ആണ് ബ്ലൈൻഡ്സ്പോട്ട് എന്ന് വിളിക്കുന്നത്. ഈയിടെ നിരത്തിലിറങ്ങിയ പല കാറുകളിലും വാഹനം വലത്തേക്കോ ഇടത്തേക്കോ തിരിയാനായി സിഗ്നൽ നൽകുമ്പോൾ ആ വശത്തുള്ള മിററിൽ പച്ച നിറത്തിൽ അല്ലെങ്കിൽ ചുവന്ന നിറത്തിൽ ഉള്ള ഒരു ചെറിയ ലൈറ്റ് അല്ലെങ്കിൽ ഡിസ്പ്ലേ കാണാം. ഇത് ചുവന്ന നിറത്തിൽ ആണെങ്കിൽ ആ വശത്തു നിന്നും ഒരു വാഹനം നിങ്ങളെ പാസ് ചെയ്യുന്നുണ്ടെന്നും ഇപ്പോൾ ആ വശത്തേക്ക് മാറുന്നത് അപകടമാണെന്നും ഡ്രൈവറെ ഓർമിപ്പിക്കുന്നു. ഹോണ്ട സിവിക്, കിയ സെൽറ്റോസ് തുടങ്ങിയ വാഹനങ്ങളിൽ ആ ഭാഗത്തെ ക്യാമറയിലെ ദൃശ്യങ്ങൾ ഡാഷ്ബോര്ഡിലെ മീഡിയ സ്ക്രീനിലാണ് ഡിസ്പ്ലേ ചെയ്യുന്നത്.
പ്രൊജക്ടർ ഹെഡ് ലാംപ്സ്

പലപ്പോഴും ഒരു ഫാൻസി ഫീച്ചർ ആയിട്ടാണ് പ്രൊജക്ടർ ഹെഡ് ലാംപ്സ്നെ അവതരിപ്പിച്ചു കാണാറുള്ളത്. സാധാരണ വാഹനങ്ങളിൽ ഒരു ബൾബിൽ നിന്നുള്ള പ്രകാശത്തെ അനേകം റിഫ്ലക്ടറുകൾ ഉപയോഗിച്ചു റോഡിലേക്ക് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പ്രൊജക്ടർ ഹെഡ് ലാംപുകളിൽ റിഫ്ലക്ടറിൽ നിന്ന് വരുന്ന പ്രകാശത്തെ ഒരു പ്രത്യേക തരം ലെൻസ് ഉപയോഗിച്ച് റോഡിലേക്ക് ഫോക്കസ് ചെയ്യുന്നു. റിഫ്ലെക്ടഡ് ചെയ്ത് വരുന്ന പ്രകാശത്തിന്റെ കുറച്ചു ഭാഗം റോഡിനു പുറത്തേക്കോ അല്ലെങ്കിൽ എതിരെ വരുന്ന വാഹനത്തിലേക്കോ പതിക്കാൻ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ഒരു സോളിനോയിഡിന്റെ സഹായത്തോടെ ഒരു കട്ട് ഓഫ് ഷട്ടർ പ്രവർത്തിപ്പിക്കുകയും പ്രകാശം ചിതറി പോകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. തൽഫലമായി ശക്തിയേറിയ ഹാലൊജൻ പോലെയുള്ള ബൾബുകൾ ഈ വാഹനങ്ങളിൽ ഉപയോഗിക്കാൻ പറ്റുകയും രാത്രിയാത്ര നമുക്കും മറ്റുള്ളവർക്കും സുഖകരമാക്കുകയും ചെയ്യുന്നു.
360 ഡിഗ്രീ കാമറ

ഒരു ഇടുങ്ങിയ വഴിയിലോ അല്ലെങ്കിൽ തിരക്കുള്ള സ്ഥലങ്ങളിലോ പാർക്ക് ചെയ്യുമ്പോൾ റിവേഴ്സ് ക്യാമറയും സെന്സറുമൊക്കെ വളരെയധികം നമ്മെ സഹായിക്കാറുണ്ട്. എന്നാൽ ഒരു പടി കൂടി കടന്ന് വാഹനത്തിനുള്ളിലിരുന്ന് ചുറ്റുപാടുകളെ വീക്ഷിക്കാൻ പറ്റിയിരുന്നെങ്കിലോ. അടുത്തിടെ വിപണിയിൽ ഇറങ്ങിയ ഒരു വിധം വാഹനങ്ങളുടെ എല്ലാം ഉയർന്ന മോഡലിൽ ഈ സൗകര്യം ഉൾപെടുത്തിയിട്ടുണ്ടായിരുന്നു. 360 ഡിഗ്രീ വ്യൂ എന്നറിയപ്പെടുന്ന ഈ ഫീച്ചർ വാഹനം റിവേഴ്സ് ഗിയറിലേക്കു മാറുമ്പോൾ തനിയെ പ്രവർത്തിക്കാൻ തുടങ്ങുന്നു. ഡ്രൈവർക്കു തന്റെ മുന്നിലുള്ള സ്ക്രീനിൽ വാഹനത്തിന്റെ മുകളിൽ നിന്നുള്ള 360 ഡിഗ്രി ദൃശ്യം ലഭ്യമാവുകയും അപകടം കൂടാതെ വാഹനം പാർക്ക് ചെയ്യാൻ സാധിക്കുകയും ചെയുന്നു. വാഹനത്തിന്റെ വശങ്ങളിലുള്ള മിററുകളിലും മുന്നിലും പിന്നിലുമായി ഘടിപ്പിച്ചിരിക്കുന്ന ക്യാമെറകളിലും സെന്സറുകളിലും നിന്ന് ലഭിക്കുന്ന ദ്ര്ശ്യങ്ങളെയും വിവരങ്ങളെയും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ തുന്നിച്ചേർത്താണ് ഈ 360 ഡിഗ്രി വ്യൂ ഡ്രൈവർക്കു ലഭിക്കുന്നത്.
‘കണെക്റ്റഡ് കാർസ്‘

ഇരുട്ടുള്ള ഒരു പ്രദേശത്തു പാർക്ക് ചെയ്തതിന് ശേഷം തിരികെ കാറിനടുത്തേക്ക് വരുമ്പോൾ ദൂരെ നിന്ന് തന്നെ ഹെഡ്ലൈറ്റ് ഓൺ ആക്കാൻ പറ്റിയിരുന്നെങ്കിലോ ?
നല്ല ചൂടുള്ള സമയത്തു ഓഫീസിൽ നിന്ന് ഇറങ്ങുന്നതിനു അഞ്ചു മിനിട്ടു മുൻപ് കാറിലെ എയർ കണ്ടിഷൻ ഓൺ ആക്കാൻ പറ്റിയിരുന്നെങ്കിലോ ?
നിങ്ങളുടെ കാർ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അനുവദനീയമായ ഏരിയ കഴിഞ്ഞാൽ നിങ്ങള്ക്ക് ഒരു അലെർട് കിട്ടിയിരുന്നെങ്കിലോ ?
കാറുമായി കണക്ട് ചെയ്തിട്ടുള്ള ഒരു അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ഇതെല്ലാം സാധ്യമാകുന്നു. കഴിഞ്ഞ വര്ഷം ഇന്ത്യയിൽ ഇറങ്ങിയ ഹ്യുണ്ടായ് വെന്യു മുതലിങ്ങോട്ട് പല കാറുകളിലും ഇപ്പോൾ ആപ്പുകൾ ലഭ്യമാണ്. ടാറ്റ നെക്സൺ മോഡലിൽ കാർ സ്റ്റാർട്ട് ചെയ്യണമെങ്കിൽ കീ നിങ്ങൾ കൂടെ കൊണ്ടുനടക്കണമെന്നേ ഇല്ല. പകരം കമ്പനി തരുന്ന ഒരു സ്മാർട്ട് വാച്ച് കെട്ടിയാൽ മാത്രം മതി. കാർ ബ്രേക്ഡൗൺ ആയാലോ മറ്റോ ഒരു ബട്ടൺ അമർത്തുന്നതിലൂടെ നിങ്ങള്ക്ക് സെർവീസ് സെന്ററുമായി സംവദിക്കാനും സാധിക്കുന്നു.
വളരെ പ്രധാനപ്പെട്ടതെന്നു തോന്നുന്നതും അധികം മാർക്കറ്റ് ചെയ്യപ്പെടുന്നു എന്ന് തോന്നുന്നതുമായ കുറച്ചു സവിശേഷതകളെ കുറിച്ച് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളു. പാർക്കിംഗ് അസിസ്ററ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ആക്റ്റീവ് റോൾ ഓവർ മിറ്റിഗേഷന്, പനോരാമിക് സൺറൂഫ് ഇങ്ങനെ ഓരോ മോഡലിലും വിപണി പിടിച്ചടക്കാൻ കമ്പനികൾ പല തന്ത്രങ്ങളും പയറ്റുകയാണ്. ഇതില്നിന്നൊക്കെ എന്തൊക്കെയാണ് തനിക്കു വേണ്ടതെന്ന് മനസിലാക്കി പണം മുടക്കുക എന്നതാണ് ഒരു കസ്റ്റമർ ചെയ്യേണ്ടത്