
തൃശൂർ: സ്വർണ കടത്ത് കസിലെ പ്രതി സ്വപന സുരേഷിനെ തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടർന്ന് വൈകീട്ട് അഞ്ചരയോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച സ്വപ്നയെ നെഞ്ച് വേദനയെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും സ്വപ്നയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സ്വർണ കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെടി റമീസിനെയും ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. റമീസിന് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി. അതേ സമയം, കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് ആശുപത്രിയില്‍ വെച്ച് ഒരു നഴ്സിന്റെ ഫോണില്‍ നിന്ന് ചിലരെ ബന്ധപ്പെട്ടതായി ആരോപണമുയർന്നിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്ന് തൃശ്ശൂരിൽ ആവശ്യപ്പെട്ടിരുന്നു.