
തൃശ്ശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 16450 വീടുകൾ പൂർത്തീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. ഈ മാസം ആയിരത്തിലധികം വീടുകൾ കൂടി പൂർത്തീകരിക്കും. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ പ്രളയബാധിതരായ 14 കുടുംബങ്ങൾക്ക് ഒരു കോടി രൂപ ചെലവിൽ റോട്ടറി ക്ലബ് നിർമ്മിച്ചു നൽകിയ ‘പ്രളയപ്പുര’യുടെ താക്കോൽദാന കർമ്മം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനോലി കനാലിനോട് ചേർന്ന് 60 സെൻറ് സർക്കാർ ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കിയത്.
പാവപ്പെട്ട ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുകയെന്ന സദുദ്ദേശപരമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ പരിശോധനയ്ക്ക് ശേഷം സ്പെസിഫിക്കേഷന് വിധേയമായിട്ടുള്ള വീട് നിർമ്മിച്ചു നൽകുക. അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുക. 14 ജില്ലകളിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 14 ഭവന സമുച്ചയങ്ങൾ നിർമ്മിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു.

കുറ്റിലക്കടവ് ഫ്ളാറ്റ് പരിസരത്ത് നടന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫ്ളാറ്റുകളുടെ താക്കോൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഏറ്റുവാങ്ങി. ഹാബിറ്റാറ്റ് ടെക്നോളജി ഡയറക്ടർ ഡോ. ശങ്കർ രൂപകൽപന ചെയ്ത സമുച്ചയത്തിൽ രണ്ട് കിടപ്പുമുറി, ഒരു ഹാൾ, അടുക്കള, ബാത്ത് റൂം എന്നിവ ഉൾപ്പെടെ 540 സ്ക്വയർഫീറ്റ് വിസ്തൃതിയിലുള്ള 14 വീടുകളാണുള്ളത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ജോസ് ചാക്കോ മുഖ്യാതിഥിയായി. മുൻ റോട്ടറി, ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ എ.വി പതി, ആർഎംവിഎച്ച്എസ് സ്കൂൾ മാനേജർ ഫാത്തിമ മോഹൻ, മുഹമ്മദ് മതിലകത്തുവീട്ടിൽ എന്നിവരെ ആദരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതരാജ് കുട്ടൻ, പെരിഞ്ഞനം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ സുധീർ, ശൈലജ പ്രതാപൻ, വാർഡംഗം പ്രജിത രതീഷ്, സെക്രട്ടറി പി. സുജാത, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ തുടങ്ങിയവർ പങ്കെടുത്തു.