
കോഴിക്കോട്: ചാലിയത്തുനിന്ന് കടലില്‍പോയ ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന നിലയില്‍ കോഴിക്കോട് ബീച്ചില്‍ കരയ്ക്കടിഞ്ഞു. ബോട്ടിലുണ്ടായിരുന്നത് ആറു മല്‍സ്യത്തൊഴിലാളികളാണ്. ഇവര്‍ രക്ഷപ്പെട്ടിരിക്കാമെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരും പൊലീസും അന്വേഷണം തുടങ്ങി.
അതേസമയം, മലപ്പുറം പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നുമായി മല്‍സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായി. നാലുപേരുമായി പോയ നൂറുൽ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ പൊന്നാനി സ്വദേശി കബീറിനായി തിരച്ചില്‍ തുടരുകയാണ്.
താനൂരില്‍ നിന്ന് പോയ ബോട്ടിലെ രണ്ടുപേരെയാണ് കാണാതായത്. മൂന്നുപേര്‍ നീന്തിക്കയറി. തീരസംരക്ഷണസേനയും മറീന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചില്‍ തുടങ്ങി. പൊന്നാനിയില്‍ നിന്ന് ആറു പേരുമായി പോയ ബോട്ട് നടുക്കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ബോട്ടില്‍ വിള്ളലുണ്ടെന്നും കടല്പ്രക്ഷുബ്ധമെന്ന് മല്‍സ്യത്തൊഴിലാളി നാസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തൃശൂർ നാട്ടിക ഭാഗത്താണ് ബോട്ട് ഇപ്പോഴുള്ളത്.