തൃശ്ശൂർ: കടൽക്ഷോഭത്തിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട ആലപ്പുഴ സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ തൃശ്ശൂര്‍ അഴീക്കോട് കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി.ആലപ്പുഴ പൊഴിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സാന്താ മരിയ എന്ന ഫൈബർ വള്ളമാണ് ആഴക്കടലില്‍ അപകടത്തിൽ പെട്ടത്.ആലപ്പുഴ തൈക്കൽ സ്വദേശി അനീഷ് , മാരാരിക്കുളം സ്വദേശി പൊന്നൻ എന്നിവരെയാണ് തൃശ്ശൂര്‍ അഴീക്കോട് തീരദേശ പൊലീസ് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്.ചേർത്തല അർത്തുങ്കലിൽ നിന്ന് പൊന്നാനിയിലേക്ക് മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുന്നതിനിടെയാണ് ഇവരുടെ വള്ളം അപകടത്തിലായത്. ഇന്ന് രാവില എട്ട് മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്ന് തിരിച്ചു വരുന്നതിനിടെ അഴീക്കോട് ലൈറ്റ്ഹൗസ് പടിഞ്ഞാറ് ഭാഗത്ത് അഞ്ച് നോട്ടിക്കൽ ദൂരത്തായി ശക്തമായ കടൽക്ഷോഭത്തിൽ പെട്ട് ഫൈബർ ബോട്ട് മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് അഴീക്കോട് കോസ്റ്റൽ പോലീസ് സി. ഐ ദിലീപിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.