
തൃശ്ശൂർ: ഒഡീഷ സ്വദേശി 35 വയസുള്ള മംഗൾ പ്രധാൻ ആണ് മരിച്ചത്. ഇയാളുടെ ബന്ധുവായ ഒഡീഷ സ്വദേശി മിഥുൻ പ്രധാൻ എന്നയാളെ സംഭവത്തിന് പിന്നാലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാത്രി എട്ടേകാലോടെ നാട്ടിക രാമൻകുളം പടിഞ്ഞാറെ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. ടൈൽസ് പണിക്കാരായ ഇരുവരും മൂന്ന് വർഷമായി നാട്ടിക നമ്പെട്ടി അശോകന്റെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. വൈകീട്ട് ജോലി കഴിഞ്ഞ് സൈക്കിളിലിൽ മടങ്ങി വരുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
മദ്യലഹരിയിലായ ഇരുവരും തർക്കം മൂത്ത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ താഴെ വീണ മംഗൾ പ്രധാന്റെ തലയിൽ റോഡരികിൽ കിടന്ന വലിയ കരിങ്കല്ല് എടുത്ത് തലയിലടിക്കുകയായിരുന്നു. തലക്ക് കല്ല് കൊണ്ടുള്ള അടിയേറ്റതിനെ തുടർന്ന് മംഗൾ പ്രധാൻ തൽക്ഷണം മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ കയ്യൊടെ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ വലപ്പാട് എസ് എച്ച്.ഒ കെ.സുമേഷ്, എസ്.ഐ. വി.പി അറിസ് റ്റോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.