തൃശ്ശൂർ: അപ്രതീക്ഷിതമായെത്തിയ കോവിഡ് പൂരം ഇല്ലാതാക്കുകയും ഓണത്തിന് മാറ്റു കുറച്ചെങ്കിലും തോൽക്കാൻ തയ്യാറല്ലായിരുന്നു തൃശ്ശൂർ ഗഡികൾ.പൂരം പോലെ തന്നെ പുലികളിക്കും പേരു കേട്ട നാടാണ് തൃശൂർ.കോവിഡിനെ തോൽപിച്ചു കൊണ്ട് നാലാം ഓണനാളിൽ ഓൺലൈനായി പുലികൾ ഇറങ്ങി.ഇത്തവണ പുലികൾ അരമണി കിലുക്കി പുലിത്താളം ചവിട്ടിയത് സ്വരാജ് റൗണ്ടിലായിരുന്നില്ല.സ്വന്തം വീടുകളെ പുലി മടകളാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അയ്യന്തോൾ പുലികളി സംഘമാണ് ഓൺലൈൻ പുലികളി ഒരുക്കിയത്.ആഘോഷങ്ങൾ ഇല്ലാതായതോടെ നാലാം ഓണനാളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പുലികളി ആരാധകർക്കായാണ് അയ്യന്തോൾ ദേശം പുലികളി സംഘം ഇത്തവണ പുലികളി ഓൺലൈനായി ഒരുക്കിയത്. 20 പുലികളാണ് ഇന്ന് ഓൺലൈനിൽ ചുവടുവച്ചത് അതേസമയം സ്വരാജ് റൗണ്ടിലെ നടുവിലാലിൽ കോവിഡ് സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഒറ്റയാൻ കരിമ്പുലിയും ഇറങ്ങി.വൈകുന്നേരം 3 30 മുതൽ നാല് 30 വരെ വിവിധ ഇടങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സൂം ആപ്ലിക്കേഷനിലൂടെ പുലികൾ ഓൺലൈൻ വേദിയിൽ ഒരുമിച്ചത്.കഴിഞ്ഞവർഷം വിയ്യൂർ ദേശത്തിനുവേണ്ടി പുലിവേഷമണിഞ്ഞ എറണാകുളം സ്വദേശിയായ പാർവതിയും ഇത്തവണ പെൺ പുലിയായി സ്വരാജ് റൗണ്ടിലെത്തിയിരുന്നു.കോവിഡ് വ്യാപനം തടയാൻ സന്ദേശം നൽകിയ പുലികൾ ജനങ്ങൾക്ക് സാനിട്ടൈയ്സർ വിതരണം ചെയ്ത ശേഷമാണ് സ്വന്തം മടകളിലേക്ക് മടങ്ങിയത്.അടുത്തവർഷം വ്യാധികളില്ലാത്ത ഒരു ഓണമുണ്ടാകുമെന്നും അന്ന് പുലി ചുവടുകളുമായി ആവേശത്തോടെ എത്താമെന്ന ഉറപ്പുമായാണ് പുലികളുടെ മടക്കം.