തൃശ്ശൂർ: ഓണാനാളുകളിൽ പുരാണ കഥാപാത്രങ്ങളെ സ്തുതിച്ചുകൊണ്ട് വീടുകൾ തോറുമെത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്റെ നേർ ചിത്രമാണ്..ജാതിമതഭേദമന്യേ ദേശക്കാർ ഒരുമിക്കുമ്പോൾ ഓണാനാളുകളെ അവിസ്മരണീയമാക്കാൻ ദേഹത്ത് പർപ്പടകപ്പുല്ല് വരിഞ്ഞു ചുറ്റി കുമിൾ തടിയിൽ കൊത്തിയ മുഖംമൂടിയുമാണിഞ്ഞുകൊണ്ടാണ് നാട്ടിടവഴികളുലൂടെ കുമ്മാട്ടി സംഘങ്ങളെത്താറുള്ളത്.എന്നാൽ ഇത്തവണ ഓണത്തിന് കോവിഡ് നിയന്ത്രണങ്ങൾ മൂലം എണ്ണത്തിൽ കുറവാണെങ്കിലും കുമ്മാട്ടികളുടെ ആവേശത്തിനു ഒട്ടും കുറവുണ്ടായില്ല. 15 പേർ പങ്കെടുത്ത ചടങ്ങിൽ രണ്ട് പേർ മാത്രമാണ് കുമ്മാട്ടി വേഷം കെട്ടിയത്.
ആചാര അനുഷ്ട്ടാനങ്ങളോടെ ആയിരുന്നു ചടങ്ങുകൾ.ദൗർലഭ്യം നേരിടുന്ന പർപ്പടക പുല്ല് തലേന്ന് തന്നെ എത്തിച്ചു. ഇത് ദേഹത്ത് വരിഞ്ഞു കെട്ടി കാട്ടാള മുഖവും നരസിംഹ മുഖവും അണിഞ്ഞു കുമ്മാട്ടികൾ താളത്തിന് ചുവട് വച്ചു. എന്നാൽ പതിവ് പോലെ ആളും ആരവങ്ങളുമായി കുമ്മാട്ടികൾ ദേശവീഥികളിൽ ഇറങ്ങിയില്ല. കുമ്മാട്ടികളുടെ വരവും പ്രതീക്ഷിച്ച് വീഥികളിൽ കാണികളും കാത്തിരുന്നില്ല.
80 വർഷത്തിനിടെ ഇതാദ്യമയാണ് തൃശ്ശൂരിലെ ഗ്രാമവീഥികളിൽ കുമ്മാട്ടികൾ ഇറങ്ങാത്ത ഒരോണക്കാലം. ആഘോഷങ്ങളെല്ലാം കോവിഡ് കവർന്നെടുത്തപ്പോൾ ചടങ്ങായി മാത്രം കുമ്മാട്ടിക്കളി നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.
ചരിത്ര പ്രകാരം വടക്കുംനാഥന്റെ 108 ഭൂതഗണങ്ങളിൽ പെടുന്നവയാണ് കുമ്മാട്ടിക്കൂട്ടങ്ങൾ.ചിലയിടങ്ങളിൽ അനുഷ്ഠാന കലയായി കരുതിപ്പോരുമ്പോൾ തൃശ്ശൂരിൽ ഓണക്കാലത്തെ വിനോദമായാണ് കണക്കാക്കപ്പെടുന്നത്.കുമ്മാട്ടികൾ ആടിതിമിർക്കുമ്പോൾ സംഘത്തിലെ മറ്റുള്ളവർ പാട്ടുപാട്ടുപാടും.ചെണ്ടയാണ് മുഖ്യവാദ്യം നാഗസ്വരവും വില്ലും ഉപയോഗിക്കും.
കുമിഴ് മരത്തിന്റെ തടിയിൽ കൊത്തിയ മുഖംമൂടികളിൽ കായകളുടെയും മരങ്ങളുടെയും കറയാണ് ചായമിടാന്‍ ഉപയോഗിക്കുന്നത്.ശരീരത്തിൽ വച്ചുകെട്ടുന്ന പാർപ്പടക പുല്ലിന് കുമ്മാട്ടിപ്പുല്ല് എന്നും പേരുണ്ട്.തള്ളക്കുമോട്ട,ശ്രീകൃഷ്ണന്,ദാരികന്,നാരദന്, മഹാബലി, മഹാവിഷ്ണു, ശിവഭൂതങ്ങളായ കുംഭന്‍, കുംഭോദരന്‍, പളുങ്കുവയറന്‍, ബാലി, സുഗ്രീവന്, ഹനുമാന് തുടങ്ങിയ അനേകം വേഷങ്ങള്‍ കുമ്മാട്ടിയിലുണ്ട്.
കോവിഡ് മഹാമാരിക്കാലത്ത് ഓണത്തിന് പൊലിമ കുറവെങ്കിലും വ്യാധികളൊഴിഞ്ഞ സമ്പൽ സമൃദ്ധിയുടെ അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് കുമ്മാട്ടിക്കൂട്ടങ്ങൾ.