
ഇന്ത്യൻ നിരത്തുകളിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ സുപ്രധാന ഇടം സ്വന്തമാക്കിയിട്ടുള്ള മോഡലാണ് ഹ്യുണ്ടായിയുടെ എലൈറ്റ് ഐ20. ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഈ വാഹനത്തിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ മാസത്തില്‍ എത്തിയേക്കും. ഡിസൈനില്‍ അടിമുടി മാറ്റമൊരുക്കിയാണ് പുതിയ ഐ20 ഹാച്ച്ബാക്ക് എത്തുന്നത്. ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ഐ20-യുടെ ചിത്രങ്ങളിലൂടെയാണ് ഹ്യുണ്ടായി ഈ വാഹനത്തില്‍ തലമുറ മാറ്റത്തിനൊരുങ്ങുന്നെന്ന റിപ്പോര് പുറത്തുവന്നത്. എന്നാല്‍, അവതരണം സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുണ്ടായിട്ടില്ല.
വാഹനത്തിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമില്‍നിന്ന് മുതല്‍ മാറ്റം വരുത്തുന്നുണ്ട്. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും എന്നാല്‍ ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ ഐ20 ഒരുങ്ങുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം കൂടുതല്‍ എന്ജിന് ഓപ്ഷനുകളും സ്പോര്‍ട്സ് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ഡിസൈനുമാണ് ഇതിലുള്ളത്.

ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ആംഗുലര്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നീ ഫീച്ചറുകളാണ് മൂന്നാം തലമുറ ഐ20ക്ക് അഗ്രസീവ് ലൂക്ക് നല്‍കുന്നത്. ഗ്രില്ല് എന്ന ഭാഗം പൂര്‍ണമായും നീക്കി വലിയ എയര്‍ഡാം നല്‍കിയുമാണ് മുന്‍വശത്തിന് കൂടുതല്‍ പ്രീമിയം ലുക്ക് പകരുന്നത്.മൂന്നാം തലമുറ ഐ20യില്‍ കൂടുതല്‍ എന്ജിന് ഓപ്ഷന് ഒരുങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന്, നിയോസില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്, 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകള് തുടര്‍ന്നും എത്തിയേക്കും.

വാഹനത്തിന്റെ വില സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടില്ല. എന്നാല്‍, ആറ് മുതല്‍ പത്ത് ലക്ഷം രൂപയില്‍ ഐ20 പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. മാരുതി ബലേനൊ, ടാറ്റ അല്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ്, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തില്‍ ഐ20യുടെ പ്രധാന എതിരാളികള്‍.