
കോട്ടയം: കേരള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നതർക്കത്തിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. പാർട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വിധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ടുപേരാണ് ചിഹ്നം ജോസ് വിഭാഗത്തിന് നൽകുന്നതിനെ അനുകൂലിച്ചത്. ഒരംഗം ഈ തീരുമാനത്തെ എതിർത്തു. എന്നാൽ ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതിനാൽ ചിഹ്നം അവർക്ക് നൽകി ഉത്തരവിറക്കുകയായിരുന്നു.ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. കേരള കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്. കെ.എം. മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കമ്മീഷനിലെ ഒരംഗം തീരുമാനത്തെ എതിർത്ത സാഹചര്യത്തിൽ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.രണ്ടില ചിഹ്നം ലഭിച്ചത് ജോസ് കെ.മാണിക്ക് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തൽ. കെ.എം. മാണിയുടെ വിയോഗത്തിന് പിന്നാലെയാണ് കേരള കോൺഗ്രസിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത്. ഇത് പിന്നീട് തിരഞ്ഞെടുപ്പ് ചിഹ്നത്തിലേക്കും നീണ്ടു. ചിഹ്നം സംബന്ധിച്ച തർക്കത്തെ തുടർന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് ടോം, ‘കൈതച്ചക്ക’ ചിഹ്നത്തിലാണ് മത്സരിച്ചത്.