
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ കേരള കോൺഗ്രസിൽ വിപ്പ് പതിക്കലുമായി ജോസ്-ജോസഫ് വിഭാഗങ്ങൾ. ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ ജോസ് വിഭാഗം നോട്ടീസ് പതിപ്പിച്ചു പുതിയ പോരിന് തുടക്കം കുറിച്ചപ്പോൾ പിന്നാലെ ജോസ് വിഭാഗത്തിന്റെ രണ്ട് എംഎൽഎമാരുടെ മുറിക്ക് മുന്നിൽ ജോസഫ് വിഭാഗവും വിപ്പ് പതിച്ചു.ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോൻസ് ജോസഫുമാണ് വിപ്പ് പുറപ്പെടുവിച്ചത്.സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തെയും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കിൽ നാളെത്തന്നെ കടുത്തനടപടി എടുക്കുമെന്നാണ് ജോസ് കെ മാണിക്ക് യുഡിഎഫ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ യുഡിഎഫിന്റെ ഭീഷണി തള്ളിയ ജോസ് പക്ഷം വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിക്കുകയായിരുന്നു.ഇതിന് മറുപടിയായാണ് ജോസഫ് പക്ഷം ജോസ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിലും നോട്ടീസ് ഒട്ടിച്ചത്.
വിപ്പ് ആയുധമാക്കി ജോസിനെ കുരുക്കാനാണ് കോൺഗ്രസിന്റെയും ജോസഫിന്റെയും നീക്കം. അവിശ്വാസപ്രമേയത്തെ അനുകൂലിക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുംമുള്ള യുഡിഎഫ് വിപ്പ് ലംഘിച്ചാൽ റോഷി അഗസ്റ്റിനെയും പ്രൊ.ജയരാജിനെയും അയോഗ്യരാക്കാൻ നാളെത്തന്നെ സ്പീക്കറെ സമീപിക്കുമെന്നാണ് ജോസഫിന്റെ ഭീഷണി.ജോസഫ്-ജോസ് വിഭാഗങ്ങളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ ഉള്ളതിനാൽ അയോഗ്യതയിൽ സ്പീക്കർ ഉടൻ തീരുമാനമെടുക്കാനിടയില്ല.