പാഴാകുന്ന പത്രക്കടലാസുകൾകൊണ്ട് ഗണപതി ശിൽപങ്ങൾ തയാറാക്കി വ്യത്യസ്തനാകുകയാണ് തൃശ്ശൂർ സ്വദേശിയായ ഹരീഷ് എന്ന വിദ്യാർത്ഥി. പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം മാത്രമല്ല വിപണിയിൽ സുലഭമായി ലഭിക്കുന്ന പ്ലാസ്റ്റർ ഓഫ് പാരീസ് ഗണപതി ശില്പങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി നാശവും ഹരീഷിന്റെ ഗണപതി ശില്പങ്ങൾക്കില്ല.
തൃശ്ശൂർ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ നടക്കുന്ന ഈ വർഷത്തെ ഗണേശോത്സവത്തിൽ തൃശ്ശൂർ പൂങ്കുന്നം സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ ജി ഹരീഷ് പഴയ പത്ര കടലാസുകൾ ഉപയോഗിച്ചു നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ ഗണേശ ശില്പങ്ങൾക്കു ഏറെ പ്രാധാന്യമുണ്ട്.കഴിഞ്ഞ മൂന്നു വർഷങ്ങളായി ഹരീഷ് ഗണേശ ശില്പങ്ങൾ കടലാസുകൊണ്ടു നിർമിച്ചു വരുന്നു.പ്ലാസ്റ്റർ ഓഫ് പാരീസ് ശില്പങ്ങൾ പ്രകൃതിക്ക് വിനാശമാണെന്ന തിരിച്ചറിവാണ് തന്നെ ഇത്തരം നിർമ്മാണത്തിനു പ്രേരിപ്പിച്ചത് എന്നു ഹരീഷ് പറയുന്നു.

തൃശൂർ പൂരം ആനകൾ, വടക്കുംനാഥ ക്ഷേത്ര തെക്കേഗോപുര മാതൃക തുടങ്ങിയവയും ഹരീഷ് കടലാസുകൾ കൊണ്ട് നിർമിച്ചിട്ടുണ്ട്. ചിത്ര രചന, മൃദംഗം , കീബോര്ഡ് എന്നിവ അഭ്യസിക്കുന്ന ഹരീഷ് പ്രശസ്ത മൃദംഗ വിദ്ധ്വാൻ തൃശൂർ എച്ച്. ഗണേഷിന്റെയും, ജ്യോതി ഗണേഷിന്റെയും മകനാണ്.ഈ വർഷം ബോംബയിൽ നിന്നും, മറ്റു പല സംസ്ഥാനങ്ങളിൽ നിന്ന് പോലും ഹരീഷിന്റെ ഈ പ്രകൃതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നു.സാമ്പത്തിക ലാഭം നോക്കാതെ ഇതിനു വന്ന ചിലവ് മാത്രം വാങ്ങിക്കൊണ്ടാണ് ഈ വിഗ്രഹങ്ങൾ ഹരീഷ് എല്ലാവർക്കും നൽകിയത്.